കണ്ണൂർ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെ വീണ്ടും പോക്സോ കേസ്.
കൗണ്‍സലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആണ് ഷാജു ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അതിനിടയിലാണ് കോട്ടയത്ത് ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23ന് ആയിരുന്നു ഷൈജുവിനെ പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗണ്‍സലിങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. കൗണ്‍സിലിങ്ങിനായി ഇയാളുടെ അടുത്തു ചെന്ന പെണ്‍കുട്ടിയെ മോശമായ രീതിയില്‍ പെരുമാറി എന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ പരാതിയില്‍ ഇയാള്‍ ഇപ്പോള്‍ കണ്ണൂർ സബ്ജയിലില്‍ ആണ്.
അതിനിടയിലാണ് കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി പരാതിയുമായി എത്തിയിരിക്കുന്നത്. കൗണ്‍സലിങ്ങിനായി ഇയാളുടെ അടുത്ത് സമീപിച്ചപ്പോള്‍ രണ്ടു തവണ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതി ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. രണ്ടാമത്തെ പരാതിയില്‍ പൊലീസ് കണ്ണൂർ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഷാജി സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി മോട്ടിവേഷൻ വിഡിയോകള്‍ ചെയ്തിരുന്നു. മറ്റു ജില്ലകളിലുള്‍പ്പെടെ സ്കൂളുകളില്‍ മോട്ടിവേഷൻ ക്ലാസും നല്‍കിയിരുന്നു.




